തെരഞ്ഞെടുപ്പിലെ ക്രമക്കേട്: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ശശി തരൂർ

രാജ്യത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഗുരുതരമാണെന്ന് ശശി തരൂർ എംപി. എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടർമാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ചാണ് ശശി തരൂർ രംഗത്തെത്തിയത്. കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസ് നേതൃത്വവും തരൂരുമായി അകൽച്ചയിലായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനേയും അനുകൂലിച്ചായിരുന്നു തരൂർ നിലപാടെടുത്തിരുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് നേതൃത്വം തരൂരിനോട് അകലം പാലിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തിയതോടെ തരൂർ കോൺഗ്രസ് ക്യാമ്പുകളിൽ തന്നെ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകളുണ്ടെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. രാഹുലിന്റെ വാർത്താസമ്മേളനത്തിന്റെ കോൺഗ്രസ് പങ്കുവെച്ച വീഡിയോപോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂർ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകർക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെന്നും തരൂർ എക്‌സ് പോസ്റ്റിൽ കുറിച്ചു.











